Saturday 15 August 2009

ആദ്യത്തെ പോസ്റ്റ്

പ്രിയപ്പെട്ടവരെ,

എന്റെ ബ്ലോഗ്ഗിലെക് സ്വാഗതം.

സമയം ഏതാണ്ട് അര്‍ദ്ധ രാത്രി ആയി കാണും. ദീനയും ഇസ്രയും നിദ്രയുടെ അഗാധ ഗര്‍ത്തങ്ങളില്‍ മുങ്ങാം കുഴി ഇട്ടു കൊണ്ടിരി‌ക്കുക ആയിരിക്കും. ഞാന്‍ ഇവിടെ വായയും പൊളിച്ചു ഇരുന്നു ആലോചികുകയാണ് ആദ്യ പോസ്റ്റില്‍ എന്തെഴുതണമെന്ന് . ഏതായാലും നിങ്ങള്‍ ഒക്കെ സമയം മിനക്കെടുത്തി ഇതു വായിക്കാന്‍ വന്നതല്ലേ, അപ്പോള്‍ വല്ലതും വായില്‍ വക്കാന്‍ പാകത്തില്‍ എഴുതണമല്ലോ. ആരാണ് ഇതു വായിക്കാന്‍ പോകുന്നതെന്ന് വലിയ പിടിയൊന്നും ഇല്ല. സുഹൃത്ത് വലയത്തില്‍ വലിയ പങ്കും മലയാളം വായിക്കാന്‍ അറിയാത്തവരാണ്. മലയാളികളും ഇല്ലാതില്ല, എന്നാലും കൂടുതലും കുടുംബക്കാരായിരിക്കും വായിക്കുക. ഡയറി കുറിപ്പ് മാതിരി വല്ലതും എഴുതി ഇടാന്‍ ആണ് പദ്ധതി, എന്നിരുന്നാലും ഇടയ്ക്ക് വല്ല ടെക്നിക്കല്‍ എഴുത്തും എഴുതണം - അത് വേണമെങ്കില്‍ ഇംഗ്ലീഷില്‍ ആവാം. മുതിര്ന്ന തലമുറ പറഞ്ഞു കേട്ടിട്ടുണ്ട് ഇപ്പഴത്തെ പിള്ളേര്‍ കത്തൊന്നും എഴുതുന്നില്ല എന്ന്, എന്നാല്‍ ഇതും ഒരു തരം കത്ത് തന്നെയാണേ. നിങ്ങള്‍ക്ക് എല്ലാവര്ക്കും കമന്റ്സ് - ലൂടെ എനിക്ക് മറുപടിയും അയക്കാം. എല്ലാവര്ക്കും എല്ലാവരുടെയും മറുപടിയും കാണാം. ഇനി എന്റെ തലമുറ പ്രായമായി കഴിഞ്ഞാല്‍ ഒരു പക്ഷെ പഴി പറഞ്ഞേക്കാം ഇപ്പത്തെ പിള്ളേര്‍ ബ്ലോഗിങ്ങ് ഒന്നും ഇല്ല എന്ന്. അന്ന് മറ്റു വല്ല -ഇങ്ങും കാണും.

ജീവിതം അങ്ങനെ അല്ലലൊന്നും ഇല്ലാതെ പോകുന്നു, ആകെ ഉള്ള ഒരു അല്ലല്‍ പന്നിയുടെ രൂപത്തിലാണ്. ഇതായിരിക്കും biological weapon എന്ന് പറയുന്നതു. അല്ലെങ്കില്‍ നഷ്ടത്തില്‍ പോകുന്ന വല്ല മരുന്ന് കമ്പനി ഇറക്കിയതായിരിക്കണം ഈ പന്നിയെ. ഇവിടെ നിന്നും പാരീസ് -ലേക്ക് ടൂര്‍ പോയ ഒരു പറ്റം വിദ്യാര്‍ഥികളെ യാതൊരു ദാക്ഷിണ്യവും കൂടാതെ തിരിച്ചു കേറ്റി വിട്ടു എന്നാണ് വാര്ത്ത. ഇവിടെ ഇപ്പോള്‍ സാങ്കേതികമായി പറഞാല്‍ സമ്മര്‍ ആണ്, പക്ഷെ ഒന്നിട വിട്ടിടുള്ള ദിവസങ്ങളില്‍ ഒരു മഴയാണ് കാണുന്നത്. കാലാവസ്ഥ നിരീക്ഷകര്‍ പ്രവചിച്ചത് barbecue summer ആയിരുന്നു. ഏതായാലും barbecue മഴയില്‍ കുതിര്‍ന്നപ്പോള്‍ പൊതുവെ പരിഹാസ പ്രിയരായ ഇംഗ്ലീഷുകാര്‍ കാലാവസ്ഥ പ്രവചകരെ പൊരിച്ചെടുത്തു എന്നാണ് കേട്ടത്. ഏതായാലും ഒക്ടോബര്‍-ല്‍ ഞങ്ങള്‍ തിരിച്ചു വരുമ്പോഴേക്കും വീണ്ടും തണുപ്പ് തുടങ്ങും. ഹൈദരാബാദ്-ഇലും അപ്പോഴേക്കും നല്ല കാലാവസ്ഥ ആയിരിക്കും. ലണ്ടന്‍ ജീവിതം ഏതാണ്ട് തീരാനായി, ഒരു വിധം ലണ്ടന്‍-ഉം കണ്ടു തീര്ന്നു. ലണ്ടന്‍ വിശേഷങ്ങള്‍ എന്തായാലും മറ്റൊരു പോസ്റ്റില്‍ എഴുതാം.

കുറച്ചു വര്‍ഷങ്ങള്‍ ആയി നമ്മുടെ വിശേഷങ്ങലെക്കാള്‍ ജനങ്ങള്ക്ക് താല്‍പ്പര്യം മറ്റൊരാളുടെ വിശേഷങ്ങള്‍ അറിയാനാണ്. അത് മറ്റാരും അല്ല, നമ്മുടെ ഇസ്രാപ്പി തന്നെ ആണ്. ഇസ്രാപ്പി എന്ന പേരു മാറ്റി കാര്‍ട്ടൂണ്‍-ആപ്പി എന്ന് ആക്ക്കേണ്ട സ്ഥിതി ആണിപ്പോള്‍. അധിക നേരവും കാര്ട്ടൂനിലാണ്. വീട്ടില്‍ ടിവി ഇല്ലാത്തതു കൊണ്ടു youtube ഇലാണ് അങ്ങേരുടെ കാര്‍ട്ടൂണ്‍ മുഴുവനും. സംസാരിക്കുന്നതും കാര്‍ട്ടൂണ്‍ ശൈലിയില്‍ ആണ്. മറ്റൊരു ഹോബി ഫ്രിഡ്ജ്‌ തുറന്നു സാധനങ്ങള്‍ അടിച്ച് മാറ്റല്‍ ആണ്. ലോക്ക് ഉള്ള ഫ്രിഡ്ജ്‌ വാങ്ങാന്‍ കിട്ടുമോ എന്ന് ദീന ചോദിക്കുന്നുണ്ടായിരുന്നു. സാധാരണയായി അവള്‍ പോകാറുള്ള പ്ലേ സ്കൂളിലും അവളൊരു ഹിറ്റ്‌ ആണ്. അഞ്ചു വയസ്സ് തികയാതെ ഒന്നും പഠിപ്പിക്കാത്ത ഈ നാട്ടില്‍ നാലു വയസ്സുള്ള അവള്‍ israh ck എന്ന് എഴുതിയത് കണ്ടപ്പോള്‍ ടീച്ചര്‍ വാ പൊളിച്ചു അത്രേ. സ്വന്തമായി ഒന്നു മറിഞ്ഞു കിടക്കാന്‍ പോലും പറ്റാതിരുന്ന ഇച്ചാപ്പി ഇപ്പോള്‍ പെന്‍സില്‍ പിടിച്ചു തിടുക്കത്തില് എഴുതുന്നത് കാണുമ്പോള്‍ എന്റെയും കണ്ണ് നിറഞ്ഞു പോകുന്നു.

രാത്രി ഒരു മണി ആയി, ഏതോ ഒരു പെണ്ണ് റോഡില്‍ വെള്ളമടിച്ചു ഒച്ച വയ്ക്കുന്നത് കേള്ക്കാം. കൂടെ വന്നവനെ ഫോണില്‍ വിളിച്ചു where are you എന്ന് ചോദിക്കുന്നുണ്ട്. ബാക്കി ഒക്കെ തെറിയാണ്. നിന്നു കരയുന്നുമുണ്ട്.